ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്വിമ്മിംഗ് പൂളിൽ പീഡനത്തിന് ഇരയായി
Wednesday, August 13, 2025 7:56 AM IST
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേല പ്രാന്തപ്രദേശത്തുള്ള സ്വകാര്യ സ്വിമ്മിംഗ് പൂളിൽ നിന്തൽ പരിശീലനത്തിനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി.
ഒൻപത്, 12 വയസുള്ള പെൺകുട്ടികൾ ഓഗസ്റ്റ് അഞ്ചിനാണ് പീഡനത്തിന് ഇരയായത്. കുട്ടികൾ അവരുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനു പിന്നാലെ ഇരു കുടുംബാംഗങ്ങളും പോലീസിൽ പരാതി നൽകി.
ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനായി പോലീസ് രണ്ട് പെൺകുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നീന്തൽക്കുളത്തിൽ പരിശീലനത്തിനായി പോയപ്പോൾ പ്രതികളിൽ ഒരാളായ അനിൽ കുമാർ ഇരുവരെയും മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് മൊഴി.
തുടർന്ന് ഇയാളുടെ സുഹൃത്ത് മുനിൽ കുമാറും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.
ഇരകളുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. പോക്സോ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.