രാജസ്ഥാനില്‍ വാഹനാപകടം: ഏഴ് കുട്ടികൾ ഉൾപ്പെടെ പത്ത് പേര് മരിച്ചു
Wednesday, August 13, 2025 9:36 AM IST
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയ്ലര് ട്രക്കും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 11 പേര് മരിച്ചു. 12 പേർക്ക് പരിക്കേറ്റു. തീർഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.
ദൗസ-മനോഹർപുർ ഹൈവേയില്‍ ബസ്ദി ബൈപാസ് പാലത്തിനു സമീപം പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഖാട്ടുശ്യാംജി സന്ദർശിച്ച ശേഷം മടങ്ങിവരികയായിരുന്ന യുപി സ്വദേശികളായ തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച പിക്അപ്പ് വാൻ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു.
പത്തുപേർ സംഭവസ്ഥലത്തുതന്നെയും ഒരു സ്ത്രീ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. ഇവരിൽ ഏഴ് പേർ കുട്ടികളും മൂന്നുപേർ സ്ത്രീകളുമാണ്. ഗുരുതര പരിക്കേറ്റ ഒമ്പതു പേരെ ദൗസ ജില്ലാ ആശുപത്രിയിൽനിന്ന് ജയ്പുരിലേക്ക് കൊണ്ടുപോയി.