മണർകാട്ട് ഗൃഹനാഥൻ മരിച്ചനിലയില്‍; വയറ്റില്‍ സ്ഫോടകവസ്തു കെട്ടിവച്ചു പൊട്ടിച്ചതെന്നു സൂചന
Wednesday, August 13, 2025 11:17 AM IST
കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്നു വീടുവിട്ട ഗൃഹനാഥനെ സ്ഫോടക വസ്തു പൊട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് ഐരാറ്റുനട സ്വദേശി റെജിമോനെ (58) യാണ് വീടിനു സമീപത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ സ്ഫോടക വസ്തു കെട്ടിവച്ചു പൊട്ടിച്ചാണ് ഇയാള്‍ മരിച്ചതെന്നാണു പോലീസ് നൽകുന്ന സൂചന.
ചൊവ്വാഴ്ച രാത്രി 11നാണു സംഭവം. കിണര്‍ നിര്‍മാണ ജോലിക്കാരനായ റെജിമോൻ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യ വിജയമ്മയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ റെജിമോന് വീടുവിട്ടു പോവുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം വലിയ സ്ഫോടന ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോഴാണു ഇദ്ദേഹത്തെ വയറ് തകര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു മണര്‍കാട് പോലീസില്‍ അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്ഫോടക വസ്തു കെട്ടി വച്ച് പൊട്ടിച്ചതാണ് എന്ന സൂചന ലഭിച്ചത്. ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തുടര്‍ന്നു മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.