ഒരു തുള്ളി വെള്ളം പോലും വിട്ടുകൊടുക്കില്ല, ശ്രമിച്ചാൽ ഇന്ത്യയെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും: ഷഹബാസ് ഷെരീഫ്
Wednesday, August 13, 2025 3:36 PM IST
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജലവിതരണം ഇന്ത്യ നിർത്തിയാൽ നിർണായക പ്രതികരണം ഉണ്ടാകുമെന്നാണ് ഭീഷണി. പാക്കിസ്ഥാന്റെ ഒരിറ്റ് വെള്ളം പോലും വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. സിന്ധു നദീജലം പാക്കിസ്ഥാന്റെ ജീവരക്തമാണെന്നും രാജ്യാന്തര ഉടമ്പടികൾ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യയ്ക്ക് തെളിവ് സഹിതം വിവരം ലഭിച്ചതിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഇതോടെ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും ഭീഷണി മുഴക്കി രംഗത്തെത്തിയത്.