നടൻ അക്ഷയ്കുമാറിന്റെ കാർ പിടിച്ചെടുത്ത് ജമ്മു പോലീസ്
Wednesday, August 13, 2025 6:08 PM IST
ശ്രീനഗർ: കാറിന്റെ ചില്ലിൽ അനുവദനീയമായതിലും പരിധിക്ക് മുകളിൽ കൂളിംഗ് ഫിലിം പതിപ്പിച്ചതിന് നടൻ അക്ഷയ്കുമാറിന്റെ കാർ പിടിച്ചെടുത്തു. താരം സഞ്ചരിച്ച കാർ ജമ്മുവിലെ ട്രാഫിക് പോലീസാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച ജമ്മുവിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ചടങ്ങിലേക്ക് എത്താൻ അദ്ദേഹം ഉപയോഗിച്ച വാഹനത്തിന്റെ ഗ്ലാസുകളിൽ മോട്ടോർ വാഹന നിയമപ്രകാരം അനുവദനീയമായതിലും കടുപ്പമുള്ള കറുത്ത ഫിലിം ഒട്ടിച്ചതായാണ് കണ്ടെത്തിയത്.
എന്നാൽ, പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാർ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. 'നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഞങ്ങളുടെ പതിവ് പരിശോധനയ്ക്കിടെ, അനുവദനീയമായ പരിധിക്ക് മുകളിൽ കൂളിംഗ് ഒട്ടിച്ച ഗ്ലാസുകളുമായി കാർ കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഉചിതമായ നടപടികൾ സ്വീകരിക്കും', ജമ്മു സിറ്റി ട്രാഫിക് എസ്എസ്പി ഫാറൂഖ് കൈസർ പറഞ്ഞു.
അതേസമയം, അക്ഷയ് കുമാറിന്റെ നിശ്ചയിച്ച പരിപാടിക്ക് യാതൊരു തടസവുമുണ്ടായില്ലെന്നും നടന് ബദൽ യാത്രാ സൗകര്യം ഒരുക്കിയെന്നും സംഘാടകർ അറിയിച്ചു.