രാജസ്ഥാനിൽ പാക്കിസ്ഥാന് ചാരൻ പിടിയിൽ
Wednesday, August 13, 2025 6:29 PM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്സൽമേറിൽ പാക്കിസ്ഥാന് ചാരനെന്നു സംശയിക്കുന്നയാൾ പിടിയിൽ. പോലീസിന്റെ സിഐഡി വിഭാഗമാണ് ഇയാളെ പിടികൂടിയത്.
ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്റ്റ് ഹൗസിന്റെ കരാർ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്.
ഇയാൾ ഒരു പാക്ക് ചാരനുമായി നിരന്തരം ബന്ധപ്പെട്ടെന്നും രാജ്യത്തിന്റെ വിവരങ്ങൾ കൈമാറിയെന്നും സിഐഡി (സെക്യൂരിറ്റി) ഐജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾക്കിടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് പിടിയിലായ മഹേന്ദ്ര പ്രസാദ്.
പാക് ചാരനുമായി ഇയാൾ സമൂഹമാധ്യമത്തിലൂടെയാണു പരിചയം സ്ഥാപിച്ചതെന്ന് പോലീസ് പറയുന്നു. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദനിലെ ഡിആർഡിഒ കേന്ദ്രത്തിലെത്തുന്ന ശാസ്ത്രജ്ഞരുടെയും സൈനികരുടെയും വിവരങ്ങളാണ് ഇയാൾ കൈമാറിയിരുന്നത്.
ഇന്ത്യയുടെ തന്ത്രപ്രധാന ആയുധങ്ങളുടെ പരീക്ഷണം നടത്തുന്ന കേന്ദ്രമാണ് ജയ്സൽമേറിലേത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർ പരിശോധന ആരംഭിച്ചു. വിവിധ സുരക്ഷാ ഏജൻസികൾ മഹേന്ദ്ര പ്രസാദിനെ ചോദ്യംചെയ്തു. എത്രത്തോളം വിവരങ്ങൾ ഇയാൾ ചോർത്തി നൽകിയിട്ടുണ്ടെന്നും മറ്റാരെങ്കിലും സഹായിക്കാൻ ഉണ്ടായിരുന്നോയെന്നും സിഐഡി സംഘം അന്വേഷിക്കുന്നുണ്ട്.