ഷോണ്‍ ജോര്‍ജിന് തിരിച്ചടി: എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
Wednesday, August 13, 2025 7:03 PM IST
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. സിഎംആര്‍എല്‍- എക്സാലോജിക് കരാറിലെ എസ്എഫ് ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഷോണ്‍ ജോര്‍ജിന് നല്‍കില്ല.
ഷോണ്‍ ജോര്‍ജിന്റെ ആവശ്യം കോടതി തളളി. എസ്എഫ്ഐഒ രേഖകള്‍ ഷോണ്‍ ജോര്‍ജിന് പരിശോധിക്കാമെന്ന ഉത്തരവും റദ്ദാക്കി. എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. സിഎംആര്‍എല്ലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാനാണ് നിര്‍ദേശം. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ സിബിഐ- ഇഡി അന്വേഷണ ആവശ്യത്തില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവരെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നേരത്തെ ഷോൺ ജോർജിന് നിർദ്ദേശം നൽകിയിരുന്നു.
വീണാ വിജയന്, എക്സാലോജിക് കമ്പനി, സിഎംആര്‍എല്‍ കമ്പനി, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍, ശശിധരന് കര്‍ത്ത തുടങ്ങി പതിമൂന്നുപേരെ കക്ഷിചേര്‍ക്കാനായിരുന്നു നിര്‍ദേശം. ഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്‍കിയിരുന്നു.