ഗോഡ്സെയുടെ പിൻഗാമികളിൽ നിന്നും ഭീഷണി; ജീവൻ അപകടത്തിലെന്ന് രാഹുൽ ഗാന്ധി
Wednesday, August 13, 2025 8:14 PM IST
മുംബൈ: നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമികളില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ പുനെ കോടതിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേനയാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ പരാതിക്കാരന് സത്യകി സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് രാഹുൽ ഗാന്ധി അപേക്ഷയിൽ പറയുന്നു.
പരാതിക്കാരന്റെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുൽ അപേക്ഷയിൽ പറയുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു.