യുപിയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
Wednesday, August 13, 2025 8:30 PM IST
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി യുവതി തന്റെ അമ്മാവന്റെ വീട്ടിൽ നിന്ന് ബൽറാംപുർ ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.
വിജനമായ വയലിലേക്ക് കൊണ്ടുപോയ ശേഷം രണ്ട് പ്രതികളും യുവതിയെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. വൈകല്യം കാരണം യുവതിയ്ക്ക് നിലവിളിക്കാൻ സാധിച്ചില്ല.
യുവതി വീട്ടിൽ തിരിച്ചെത്താതെ ആയതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ സമീപമുള്ള വയലിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ജില്ലയിലെ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അവിടെ ചികിത്സയിലാണ്. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് യുവതി മോചിതയായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികൾക്ക് പരിക്കേറ്റു. കുറ്റം സമ്മതിച്ച പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ മൂന്നോ നാലോ സിസി ടിവി കാമറകൾ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
എന്നാൽ, പോലീസ് സൂപ്രണ്ടിന്റെ വീടിനു സമീപം സ്ഥാപിച്ചിരുന്ന കാമറയിൽ യുവതി ഓടുന്നതും ബൈക്ക് യാത്രക്കാർ അവരെ പിന്തുടരുന്നതും കാണാം. 14 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.