പി.വി. അൻവറിന് കുരുക്ക്; കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസ്
Wednesday, August 13, 2025 9:52 PM IST
മലപ്പുറം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിച്ച സംഭവത്തിൽ പി.വി. അൻവറിനെതിരെ വിജിലൻസ് കേസ്.
മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകി എന്ന കണ്ടെത്തലിൽ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും വിജിലൻസ് പ്രതിപട്ടികയിൽ ചേർത്തു. പി.വി. അൻവർ കേസിലെ നാലാം പ്രതിയാണ്.
2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. ഇത് കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് മലപ്പുറത്തെ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കെഎഫ്സി ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹ്മദ്, പി.വി. അൻവറിന്റെ അടുത്ത ബന്ധു സിയാദ് എന്നിവരാണ് മറ്റു പ്രതികൾ. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി, വായ്പ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് അൻവറിനെതിരായ ആരോപണം.
മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചതും, തിരിച്ചടവ് ശേഷി പരിശോധിക്കാതിരുന്നതും ഉൾപ്പെടെയുള്ള ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.