അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ; ശമ്പളക്കുടിശിക അക്കൗണ്ടിലെത്തി
Wednesday, August 13, 2025 9:57 PM IST
പത്തനംതിട്ട: നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പളക്കുടിശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടി.
12 വർഷത്തെ ശമ്പള കുടിശിക അധ്യാപികയുടെ അക്കൗണ്ടിലെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്കൗണ്ടിൽ പകുതി കുടിശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും.
നേരത്തെ, അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജോലിയിൽ വീഴ്ച വരുത്തിയ ഡിഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
12 വർഷത്തെ ശമ്പള കുടിശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകിയിരുന്നു.