ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ; അന്വേഷണം വഴിമുട്ടി
Wednesday, August 13, 2025 10:06 PM IST
മംഗളൂരു: ധർമസ്ഥലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിവിധ ഇടങ്ങളിലായി മറവുചെയ്തിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ വഴിമുട്ടുന്നു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പതിമൂന്നാമതായി അടയാളപ്പെടുത്തിയ സ്ഥലം ഇന്നലെ 18 അടി താഴ്ചയിലും 25 അടി വീതിയിലും കുഴിച്ച് പരിശോധിച്ചെങ്കിലും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.
വെളിപ്പെടുത്തലിൽ പറയുന്ന കാലത്തിനുശേഷം ഈ സ്ഥലത്ത് കൂടുതൽ മണ്ണ് നിക്ഷേപിച്ചിരുന്നതിനാലും തൊട്ടടുത്ത് വൈദ്യുത ലൈനുകളും പുഴയിൽ അണക്കെട്ടുമുള്ളതിനാലും ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും വിഷമകരമായ പരിശോധനയായിരുന്നു ഇത്.
നേരത്തേ ഇവിടെ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴും ഭൂമിക്കടിയിൽ മനുഷ്യാവശിഷ്ടങ്ങൾ ഉള്ളതിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും സംശയങ്ങൾ ബാക്കിവയ്ക്കാതിരിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിച്ചു പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.
ഇതോടെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലെയും പരിശോധന പൂർത്തിയായി. ആറാമത്തെ സ്ഥലത്തുനിന്നും പതിനൊന്നാമതായി അടയാളപ്പെടുത്തിയ സ്ഥലത്തുനിന്ന് അല്പം മാറിയുള്ള സ്ഥാനത്തുനിന്നും മാത്രമാണ് മനുഷ്യന്റെ അസ്ഥികൾ കിട്ടിയത്.
എന്നാൽ ആദ്യത്തേത് പുരുഷന്റെ അസ്ഥിയാണെന്നും രണ്ടാമത്തെ സ്ഥാനത്തുനിന്ന് കിട്ടിയ അസ്ഥികൾക്ക് രണ്ടുവർഷത്തിൽ താഴെ മാത്രമാണ് പഴക്കമുള്ളതെന്നും പ്രാഥമിക വിലയിരുത്തലുകൾ പുറത്തുവന്നത് അന്വേഷണത്തിനു തിരിച്ചടിയായി.
ഇരുപതും മുപ്പതും വർഷങ്ങൾക്കു മുമ്പുനടന്ന സംഭവങ്ങളായതിനാലും ഈ കാലത്തിനിടയിൽ കാടിന്റെ ഭൂപ്രകൃതിയിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായതിനാലും പലതവണ പുഴ ഇതുവഴി കരകവിഞ്ഞൊഴുകിയതിനാലും യഥാർഥ സ്ഥലങ്ങൾ തിരിച്ചറിയുന്നതിൽ മുൻ ശുചീകരണ തൊഴിലാളിക്ക് പിഴവുകൾ പറ്റിയോ എന്ന സംശയം ശക്തമാവുകയാണ്.
ഇതിനിടയിൽ ധർമസ്ഥലയിലെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹിയായ ജയന്തും ഒരു സ്ത്രീയും പുതിയ രണ്ട് സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ച് അന്വേഷണസംഘത്തിന് കത്തുനൽകിയെങ്കിലും ഇവിടങ്ങളിൽ ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല.
അന്വേഷണത്തെ ഏതുതരത്തിലും വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ തുടക്കംമുതൽ തന്നെ ശക്തമായിരുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു. വെളിപ്പെടുത്തലുകൾ നടത്തിയ ആളിനെ അന്വേഷണസംഘത്തിലെ പോലീസുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയ സംഭവം പോലുമുണ്ടായിരുന്നു.
ഇതിന്റെ സമ്മർദവും ഭയവും മൂലം ഇയാൾക്ക് പിഴവുകൾ സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ടിടങ്ങളിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ തന്നെ അവ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടതല്ലെന്ന് വരുത്തിത്തീർക്കാൻ പഞ്ചായത്തും പോലീസുമെല്ലാം ഇടപെട്ടതും അവർ ചൂണ്ടിക്കാണിക്കുന്നു.
വെളിപ്പെടുത്തലുകളും അന്വേഷണവും ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനാണെന്നാരോപിച്ച് നാട്ടുകാരെന്നവകാശപ്പെടുന്ന ചിലർ മാധ്യമപ്രവർത്തകർക്കും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കും നേരെ കൈയേറ്റം നടത്തിയ സംഭവവും ഉണ്ടായിരുന്നു.
ഇതേ വാദമുന്നയിച്ചുകൊണ്ട് ബിജെപി നേതാക്കളും ജനപ്രതിനിധികളും പരസ്യ പ്രതിഷേധങ്ങൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം കർണാടക നിയമസഭയിലും ഇവർ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഭരണകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ അന്വേഷണങ്ങൾ എങ്ങുമെത്താതെ തീരുമോ എന്ന ആശങ്ക ശക്തമാണ്.