വോട്ടർ പട്ടിക ക്രമക്കേട്: ഉത്തരം പറയാൻ തൃശൂരിലെ എംപിക്കു ബാധ്യതയുണ്ടെന്നു സതീശൻ
Thursday, August 14, 2025 1:43 AM IST
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഉത്തരം പറയാനുള്ള ബാധ്യത തൃശൂരിലെ എംപിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കുമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരം നൽകിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയുടെ വിലാസത്തിൽ അവർ പോലും അറിയാതെയാണ് വോട്ട് ചേർത്തിരിക്കുന്നത്. കോണ്ഗ്രസിന്റെ ബൂത്ത് തല പ്രവർത്തകർ ഇതു കണ്ടെത്തി കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
സംഘടിതമായ കുറ്റകൃത്യമാണ് വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബിജെപി നടത്തിയത്. ഇക്കാര്യത്തിൽ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാരും തയാറാകണം.
ബിഎൽഒമാരെ നിയമിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരുമാണ്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. എന്താണ് യാഥാർഥ്യമെന്നത് പുറത്തുവരണം.
തൃശൂരിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ശരിയല്ലെങ്കിൽ അതേക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം സുരേഷ് ഗോപിക്കുണ്ട്. ഒന്നും മിണ്ടില്ലെന്നു പറയുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് യോജിച്ചതല്ല.
രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും വോട്ടർ പട്ടിക ശ്രദ്ധിക്കണം. വോട്ടർ പട്ടിക കുറ്റമറ്റതായിരിക്കണം. മരിച്ചവരെയും സ്ഥലത്ത് ഇല്ലാത്തവരെയും ഒഴിവാക്കണം.
വിഭജനഭീതി ദിനം ആചരിക്കാനുള്ള നിർദേശം ഗവർണറുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര തെറ്റാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കരുത്. നടപ്പാക്കിയാൽ അതിനെ പ്രതിപക്ഷം എതിർക്കും. സർവകലാശാലകളിൽ ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.