ബംഗളൂരുവിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡനവും കൊള്ളയടിക്കലും
Thursday, August 14, 2025 6:02 AM IST
ബംഗളുരു: ബെസ്കോം ജീവനക്കാരിയായ 30 വയസുള്ള അസിസ്റ്റന്റ് എൻജിനീയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന് യെലഹങ്ക പോലീസ് പറഞ്ഞു. ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്.
15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന സ്ത്രീ ഓഗസ്റ്റ് 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നത് കട്ട് തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് സ്വർണ വള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നെന്ന് പാരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പരാതിപ്പെട്ടു. പ്രതി തന്റെ രണ്ട് മൊബൈൽ ഫോണുകളുമായി കടന്നുകളയുകയായിരുന്നെന്നും പറഞ്ഞു.