സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു
Thursday, August 14, 2025 10:33 AM IST
കോട്ടയം: ജെയ്നമ്മ തിരോധാനക്കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന് മാത്യുവിനെ (ജെയ്നമ്മ, 48) 2024 ഡിസംബര്‍ 23നാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയിൽ രക്തക്കറ ഉൾപ്പടെ കണ്ടെത്തിയിരുന്നു.
സെബാസ്റ്റ്യന്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജെയ്നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്.
ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം പുറത്തുവന്നിട്ടില്ല. ജെയ്നമ്മയെ കൂടാതെ ചേർത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ എന്നിവരെ കാണാതായ കേസിലും സെബാസ്റ്റ്യൻ പ്രതിയാണ്.
2002 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്. ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിൽ സെബാസ്റ്റ്യന്‍ നേരത്തേ അറസ്റ്റിലായിരുന്നു. എന്നാൽ ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. ഡിഎന്‍എ പരിശോധനാഫലം വന്നാൽ എല്ലാ കേസിന്റെയും ചുരുളഴിയുമെന്ന് വിശ്വാസത്തിലാണ് അന്വേഷണ സംഘം.