തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്
Saturday, August 16, 2025 11:10 AM IST
തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗത തടസം.
മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ അഞ്ച് കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. വെള്ളിയാഴ്ച രാത്രി 11 ഓടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടര്‍ന്നു.
വെള്ളിയാഴ്ച രാത്രി മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത്, സര്‍വീസ് റോഡില്‍ മരംകയറ്റിവന്ന ഒരു ലോറി കുഴിയില്‍ വീണശേഷം മറിഞ്ഞിരുന്നു. തടിക്കഷണങ്ങള്‍ റോഡിലേക്ക് വീഴുകയും ചെയ്തതോടെ രാത്രി എട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ ഗതാഗത തടസം നേരിട്ടിരുന്നു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നായിരുന്നു ഈ തടിക്കഷണങ്ങള്‍ നീക്കം ചെയ്തത്.
പട്ടാമ്പിയില്‍നിന്നും പെരുമ്പാവൂര്‍ക്ക് പോവുകയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ ഓടി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനടുത്താണ് റോഡില്‍ അരികുചേര്‍ന്ന് മറിഞ്ഞത്.
സ്ഥിരമായി ആളുകള്‍ നടന്നുപോകുന്ന ഭാഗത്തേക്കാണ് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ ആരും ഉണ്ടായിരുന്നില്ല. ലോറി അപകടത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു.
ചാലക്കുടി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. റോഡിന്റെ മോശം അവസ്ഥയും അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കുന്നത്.
മേൽപ്പാതയുടെയും അടിപ്പാതകളുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് സർവീസ് റോഡുകളെയാണ്. എന്നാൽ, ഈ സർവീസ് റോഡുകളുടെ അവസ്ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞതാണ് പല സർവീസ് റോഡുകളും.