പാക്കിസ്ഥാനിലെ മിന്നൽ പ്രളയം: മരണസംഖ്യ 300 കടന്നു; ഹെലികോപ്റ്റർ തകർന്നു
Saturday, August 16, 2025 1:57 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങളുമായി പോയ ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു.
"ബജൗറിലെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി പോയ പ്രവിശ്യാ സർക്കാരിന്റെ എംഐ-17 ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് മൊഹ്മന്ദ് ജില്ലയിലെ പാണ്ടിയാലി പ്രദേശത്ത് തകർന്നുവീണു' -ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരിൽ രണ്ടുപേർ പൈലറ്റുമാരാണ്.
അതേസമയം, വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 321 ആയി ഉയർന്നതായി ദുരന്ത നിവാരണ ഏജൻസികൾ അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.