നവീൻ ബാബുവിന്റെ മരണം; സമഗ്ര അന്വേഷണം നടന്നുവെന്ന് പോലീസ് റിപ്പോർട്ട്
Saturday, August 16, 2025 4:36 PM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും സമഗ്ര അന്വേഷണം നടന്നതാണെന്നും പോലീസ് റിപ്പോർട്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയെ എതിര്‍ത്താണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അന്വേഷണ പരിധിയിലുള്ള മുഴുവന്‍ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചു. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.
യാത്രയയപ്പിന് ശേഷം നവീൻ ബാബു കണ്ണൂർ ജില്ലാ കളക്ടറുടെ റൂമിലെത്തി തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തില്‍ അപാകത ആരോപിച്ച് കുടുംബം നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയതാണ്.
അതിനാല്‍ കുടുംബത്തിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളണമെന്നും പോലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജു കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.