വോട്ട് ചോരി; വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Saturday, August 16, 2025 5:33 PM IST
ന്യൂഡൽഹി: വോട്ടിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് ഞായറാഴ്ച തുടക്കമാകുന്നതിനിടെയാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിനാണ് വാർത്താ സമ്മേളനം. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നുവെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്കുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്കിടയിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.