നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു; മൂന്നു വയസുകാരന് ദാരുണാന്ത്യം
Saturday, August 16, 2025 5:54 PM IST
കോട്ടയം: നിയന്ത്രണം വിട്ട കാർ സ്കൂളിന്റെ മതിലിലിടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം. കോട്ടയം പാമ്പാടിയിലുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ ടിനു - മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്.
മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. കുറ്റിക്കൽ സെന്റ്തോമസ് എൽപി സ്കൂളിന്റെ മതിലിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ ഗതാഗതം തടസപ്പെട്ടു. കുഞ്ഞിന്റെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.