മാന്ത്രിക പ്രകടനവുമായി മാക്സ്വെൽ; ഓസീസിന് പരമ്പര
Saturday, August 16, 2025 7:11 PM IST
ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഓസീസ് സ്വന്തമാക്കി (2-1). നിർണായകമായ മൂന്നാം മത്സരത്തിൽ ഒരു പന്ത് അവശേഷിക്കെ രണ്ടുവിക്കറ്റ് ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 172/7 ഓസ്ട്രേലിയ 173/8 (19.1).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്. ഇത്തവണയും യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ (26 പന്തിൽ 53) വെടിക്കെട്ട് ബാറ്റിംഗാണ് പ്രോട്ടീസിനെ തുണച്ചത്.
റസി വാന്‍ഡെര്‍ ഡസൻ (38), ട്രിസ്റ്റന്‍ സ്റ്റബ്സ് (25) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനായി നഥാന്‍ എല്ലിസ് മൂന്നും ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.
173 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഓസ്ട്രേലിയക്കായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും (54) ട്രാവിസ് ഹെഡും (19) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഓസ്ട്രേലിയ 122/6 എന്ന നിലയിൽ പതറി. അവിടുന്നാണ് ഗ്ലെന്‍ മാക്സ്വെല്ല് രക്ഷാപ്രവർത്തനം തുടങ്ങിയത്.
കൂറ്റൻ ഷോട്ടുകളുമായി (36 പന്തിൽ 62) റൺസ് കണ്ടെത്തിയ മാക്സ്വെൽ വാലറ്റക്കാരുമായി ചേർന്ന് നിർണായക കൂട്ടുകെട്ടുകളുണ്ടാക്കി. ലുങ്കി എംഗിഡി എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കെ പത്തു റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ പന്തിൽ രണ്ട് റണ്‍സ് ഓടിയെടുത്ത മാക്സ്വെല് അടുത്ത പന്ത് ബൗണ്ടറി കടത്തി ലക്ഷ്യം നാലു പന്തില്‍ നാലാക്കി ചുരുക്കി. അടുത്ത രണ്ട് പന്തിലും മാക്സ്വെൽ റണ്ണോടിയില്ല. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ നാലു റണ്‍സായി. എന്നാല്‍ ഫുള്‍ടോസായ അഞ്ചാം പന്ത് റിവേഴ്സ് സ്വീപ്പിലൂടെ തേര്ഡ്മാന് ബൗണ്ടറി കടത്തിയ മാക്സ്വെല് ഓസീസിന് രണ്ട് വിക്കറ്റിന്റെ ആവേശജയം സമ്മാനിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി കോർബിൻ ബോഷ് മൂന്നും റബാഡയും മഫകയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. ടിം ഡോവിഡിനെ പരമ്പരയുടെ താരമായും മാക്സ്വെല്ലിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.