ചിങ്ങമാസ പൂജ; ശബരിമല നട തുറന്നു
Saturday, August 16, 2025 10:59 PM IST
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ പൂജകൾ ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനാൽ തീർഥാടകർ പമ്പാനദിയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നട തുറന്ന് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി.
അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് തീർഥാടകരെ പടി കയറാൻ അനുവദിച്ചത്. ചിങ്ങമാസ പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും. 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
21ന് രാത്രി 10ന് നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ചിന് നട തുറക്കും. നാലു മുതൽ ഏഴുവരെ അയ്യപ്പ സന്നിധിയിൽ ഓണ സദ്യ ഉണ്ടാകും.