വോട്ട് ചോർത്തൽ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പത്രസമ്മേളനം ഇന്ന്
Sunday, August 17, 2025 5:49 AM IST
ന്യൂഡൽഹി:ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് മോഷണം’ ആരോപണങ്ങളുടെയും ബീഹാറിലെ പ്രത്യേക തീവ്ര പരിഷ്കരണ വോട്ടർ പട്ടികയെച്ചൊല്ലി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പത്രസമ്മേളനം നടത്തും. വിവാദങ്ങൾക്കും കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങൾക്കും ഇന്ന് ചേരുന്ന പത്രസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പത്രസമ്മേളനത്തിന്റെ വിഷയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉച്ചകഴിഞ്ഞ് മൂന്നിന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിലാണ് പത്രസമ്മേളനം. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിനു പുറമേ മറ്റൊരു വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പത്രസമ്മേളനം നടത്തുന്നത് അസാധാരണമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിക്കുകയും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കർണാടകയിലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ വിജയിപ്പിക്കാൻ ‘വോട്ട് മോഷണം' നടന്നിട്ടുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചത് പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾ ഇപ്പോൾ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ചർച്ചാ വിഷയമായിരിക്കുന്നു,