രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഇന്ന് മുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനവും ഇന്ന്
Sunday, August 17, 2025 7:23 AM IST
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് തുടക്കം. ബിഹാറിലെ സസാറാമിൽ നിന്ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപിക്കും.
രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക പത്രസമ്മേളനവും ഇന്നാണ് നടക്കുക. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ ഇന്ന് മറുപടി നൽകുമോയെന്നതും ശ്രദ്ധേയമാണ്.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് കാര്യമായ മറുപടിയൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. അനൗദ്യോഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിൽ മറുപടി നൽകിയിരുന്നത്. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണായകമാകും.