നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി; രണ്ടു യുവതികൾക്ക് ദാരുണാന്ത്യം, മൂന്നുവയസുകാരന് ഗുരുതര പരിക്ക്
Sunday, August 17, 2025 9:31 AM IST
പാലക്കാട്: വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. മൂന്നുവയസുകാരനുൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. കുട്ടികളുടെ സംഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്ന ഏഴംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന യുവതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരിൽ മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകന്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റി.