ജമ്മു കാഷ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴുപേർ മരിച്ചു, ആറുപേർക്ക് പരിക്കേറ്റു
Sunday, August 17, 2025 12:35 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും മേഘവിസ്ഫോടനം. കത്വയിൽ മിന്നൽ പ്രളയത്തിൽ ഏഴുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, കിഷ്ത്വാറിലുണ്ടായ മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്. അടുത്ത രണ്ട് ദിവസം മേഘ വിസ്ഫോടനത്തിനും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കിഷ്ത്വാർ ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.