വോട്ട് കൊള്ളയെന്ന ആരോപണം ഭരണഘടനയ്ക്ക് അപമാനം, രാഹുൽ വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, August 17, 2025 3:59 PM IST
ന്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചെന്നും അദ്ദേഹം വിമർശിച്ചു.
ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നും ഗ്യാനേഷ് കുമാർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്‍കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണെന്നും കമ്മീഷന് ചോദിച്ചു.
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്‍ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ല.
ബിഹാറിലെ ഏഴു കോടിയിലധികം വോട്ടർമാർ കമ്മീഷന്റെ കൂടെ നില്‍ക്കുന്നുണ്ട്. എന്നാല്‍ വോട്ട്കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നു. കേരളത്തിലാകട്ടെ കർണാടകയിലാകട്ടെ, ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്നും ഗ്യാനേഷ് കുമാർ പറയുന്നു.