ടി20 ടീമിൽ അടിമുടി അഴിച്ചുപണി; മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റൻ
Sunday, August 17, 2025 5:02 PM IST
മുംബൈ: ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ടി20 ടീമില്‍ വമ്പൻ അഴിച്ചുപണിക്ക് കോച്ച് ഗൗതം ഗംഭീര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഏഷ്യാകപ്പിലും അതിനുശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയിലുമെല്ലാം ടീമിനെ തെരഞ്ഞെടുക്കുക പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകും.
മാറ്റത്തിന്റെ ഭാഗമായി മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന നയം നടപ്പാക്കും. ഈ സാഹചര്യത്തില്‍ ഏഷ്യാകപ്പ് കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിന്റെ നായകനായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ രോഹിത് ശര്‍മയാണ് ഏകദിന ടീമിനെ നയിക്കുന്നത്.
ഐപിഎല്ലില്‍ തിളങ്ങുന്ന ടി20 സ്പെഷ്യലിസ്റ്റുകളെ കണ്ടെത്തി അവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നതിലും ശ്രദ്ധിക്കും. അതുപോലെ ഇനി മുതല്‍ ടീമിന് സ്പെഷ്യലിസ്റ്റ് ഫിനിഷര്‍മാരുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിവിന് അനുസരിച്ചുള്ള റോളുകളായിരിക്കും ഓരോ താരത്തിനുമുണ്ടാവുക.
ബാറ്റിംഗ് ഓര്‍ഡറിലെ നമ്പരിന്റെ പേരില്‍ ആര്‍ക്കും ടീമില്‍ തുടരാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശിവം ദുബെയെപോലെ തകര്‍ത്തടിക്കുന്ന താരത്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്കുന്നതുപോലെയുള്ള മാറ്റങ്ങളും നടപ്പിലാക്കും.