അമീബിക് മസ്തിഷ്കജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്
Wednesday, August 20, 2025 10:36 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി ആനപ്പാറപ്പൊയിൽ സ്വദേശിയായ ഒമ്പതുവയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് മരിച്ച കുട്ടിയുടെ സഹോദരങ്ങളെ വൈറൽപ്പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരിച്ച കുട്ടിയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു.
ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കുളത്തിൽ ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ദിവസം ക്ലോറിനേഷൻ നടത്തിയിരുന്നു.