വീണ്ടും അമീബിക് മസ്തിഷ്കജ്വരം; പതിനൊന്നുകാരി ചികിത്സയിൽ
Wednesday, August 20, 2025 11:20 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ വിദ്യാർഥിനിക്ക് ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി.
നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മറ്റൊരാളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവായി.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് കണ്ടെത്തിയത്.