പൊതുപരിപാടിയില്‍ നിന്ന് രാഹുലിനെ മാറ്റി പാലക്കാട് നഗരസഭ; വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി
Thursday, August 21, 2025 4:59 PM IST
പാലക്കാട്: പൊതുപരിപാടിയില്‍ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി.
രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ വെള്ളിയാഴ്ചത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമെന്നും ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്നുമായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.
രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യനായ രാഹുല്‍ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ഇ.പി . ജയരാജനും പ്രതികരിച്ചു. പി.കെ. ശ്രീമതിയും സമാന പ്രതികരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. രാഹുൽ ഇപ്പോള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്റെ ശാപമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാലും പറഞ്ഞു.