കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി മുഹമ്മദ് ഷെർഷാദ്
Friday, August 22, 2025 1:11 PM IST
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി വ്യവസായി മുഹമ്മദ് ഷെർഷാദ്. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ല. കത്ത് ചോർത്തിയതിൽ എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മുഹമ്മദ് ഷർഷാദ് മറുപടിയില് പറയുന്നു.
പിബിക്ക് നൽകിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ താൻ പങ്കുവെച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഷർഷാദ് വ്യക്തമാക്കുന്നു. അഡ്വ.ശ്രീജിത് എസ് നായർ മുഖേനയാണ് മുഹമ്മദ് ഷർഷാദ് മറുപടി അയച്ചത്.
പിബിക്ക് മുഹമ്മദ് ഷർഷാദ് അയച്ച കത്ത് പുറത്തായത് വൻവിവാദമായിരിക്കെയാണ് എം.വി. ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയത്. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.
ഷെർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എം.വി. ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തന്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. തന്റെ മകൻ കത്ത് ചോർത്തിയെന്ന ആരോപണം പൊതു സമൂഹത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നുമായിരുന്നു എം വി ഗോവിന്ദൻ നല്കിയ വക്കീൽ നോട്ടീസിലെ ആവശ്യം.