കൈക്കൂലി: കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ
Friday, August 22, 2025 9:35 PM IST
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.