ആദിവാസി തൊഴിലാളിയെ പൂട്ടിയിട്ട് മർദനം: മുതലമട ഫാം സ്റ്റേ ഉടമ അറസ്റ്റിൽ
Sunday, August 24, 2025 10:32 PM IST
മുതലമട: ആദിവാസി തൊഴിലാളി ഊരുകുളം ഫാം സ്റ്റേയിൽ തടവിലാക്കി പീഡിപ്പിച്ച കേസിൽ സ്ഥാപന ഉടമ രംഗനായകി എന്ന പാപ്പാത്തിയെ(62) കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയും രംഗനായകിയുടെ മകനുമായ പ്രഭു (42) ഒളിവിലാണ്.
ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലങ്കോട് പോലീസിൽ ഇയാൾക്കെതിരേ കഞ്ചാവുകടത്ത് കേസും നിലവിലുണ്ട്. സ്ഥാപനത്തിലെ തൊഴിലാളിയായ വെള്ളയനെ(54) പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതികൾക്കെതിരേ കേസെടുത്തത്.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലിനൊടുവിലാണ് ആദിവാസി പീഡനനിരോധന നിയമലംഘനം, തടവിൽ പാർപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. അറസ്റ്റിലായ രംഗനായകിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.