യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു
Monday, August 25, 2025 7:45 AM IST
മോസ്കോ: ഞായറാഴ്ച യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു. ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനാണ് തീപിടിച്ചത്. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയും ചെയ്തു.
ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലും യുക്രെയ്ൻ ആക്രമണത്തിൽ തീപിടിച്ചു. ആണവ വികിരണതോത് സാധാരണ നിലയിലാണെന്നും തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991ൽ യുക്രെയ്ൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം.
സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും എല്ലാ ആണവനിലയങ്ങളും എല്ലാസമയവും സുരക്ഷിതമായിരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പറഞ്ഞു.