അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിധിക്കെതിരേ എം.ആർ. അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍
Monday, August 25, 2025 9:04 AM IST
കൊച്ചി: അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലന്‍സ് കോടതിവിധിക്കെതിരേ എഡിജിപി എം.ആർ. അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്കുന്ന ഹര്‍ജിയിലെ ആവശ്യം.
ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാന്വവലിനെതിരെന്നാണ് സര്‍ക്കാരിന്റെ വാദം. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.