കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത്, ഭരണഘടനയോടുള്ള അവഹേളനം: കേന്ദ്രമന്ത്രിയുടെ ഹനുമാൻ പരാമർശത്തിനെതിരേ ഡിഎംകെ
Monday, August 25, 2025 9:27 AM IST
ചെന്നൈ: ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിന്റെ പരാമർശത്തിനെതിരേ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. മന്ത്രിയുടെ പരാമർശം കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഭരണഘടനയോടുള്ള അവഹേളനമാണെന്നും കനിമൊഴി പറഞ്ഞു.
വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളിൽ അന്വേഷണത്വരയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവിനോടുള്ള താത്പര്യവും വളർത്തുന്നത് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നതിൽ നിന്ന് വിദ്യാർഥികളെ തടയുന്ന പരാമർശങ്ങൾ ശരിയല്ലെന്നും കനിമൊഴി പറഞ്ഞു.
ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവേയാണ് അനുരാഗ് താക്കൂർ ഹനുമാനെക്കുറിച്ച് പരാമർശം നടത്തിയത്.