രാജിയില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
Monday, August 25, 2025 9:36 AM IST
തിരുവനന്തപുരം: ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല.
സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് നീക്കം.
ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു.
രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടിയാകുമ്പോൾ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.