ആരോപണങ്ങളില്‍ വിശദീകരണത്തിന് രാഹുലിന് അവസരം നല്കാൻ കോൺഗ്രസ്
Monday, August 25, 2025 12:13 PM IST
അടൂര്‍: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി അനുമതി നല്‍കുമെന്ന് സൂചന. കഴിഞ്ഞ രണ്ടുദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനു ശ്രമം നടത്തിയെങ്കിലും ആലോചിച്ചിട്ടു മതിയെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുണ്ടായിരുന്നത്. ഇതിനിടെയാണ് ഇന്നു രാവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത്.
രാഹുലിന്റെ രാജി തത്കാലം വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതിനു പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനൊപ്പം രാഹുലിനു തന്റെ വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നാണ് സൂചന.
പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ ആദ്യം രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഞായറാഴ്ച ഇതിനുള്ള അവസരത്തിനായി അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും വീട്ടില്‍ നിന്നിറങ്ങി കൊട്ടാരക്കര വരെയെത്തി മടങ്ങുകയായിരുന്നു. എടുത്തുചാടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലായിരുന്നു നേതാക്കളേറെയും.
ട്രാന്‍സ് വുമണ്‍ അവന്തികയുമായുള്ള സംഭാഷണം പുറത്തുവിട്ട് ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ മാധ്യമ പ്രചരണം പോലെ താന്‍ വലിയ കുറ്റക്കാരനാണെങ്കില്‍ അവന്തിക എന്തിനാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ച കാര്യം വിളിച്ചറിയിച്ചതെന്നും സംഭാഷണം റെക്കോര്‍ഡ് ചെയ്തു തനിക്കയച്ചതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്.
ചാറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി. എന്തു കൊണ്ട് ഇത്രയും ദിവസം ഈ വിവരങ്ങള്‍ പുറത്തു വിട്ടില്ലായെന്നാണ് ചോദിക്കുന്നതെങ്കില്‍ ഒരു മനുഷ്യന് എന്ന നിലയില്‍ തനിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ വൈഷമ്യങ്ങളും മാനസിക അവസ്ഥകളുമുണ്ടെന്നു മനസിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നു രാഹുല്‍ പറഞ്ഞു. ബാക്കിയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനകീയകോടതിയെയും അതേപോലെ നീതി ന്യായ വ്യവസ്ഥ വഴി നിയമപരമായി നേരിടുമെന്നും പറഞ്ഞു.
ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറയാന്‍ തനിക്കാകുമെന്ന് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. ഇതില്‍ ജനങ്ങളോടു വിശദീകരിക്കേണ്ട പല കാര്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരോടു പറയേണ്ട കാര്യങ്ങളുമുണ്ട്. വരുംദിവസങ്ങളില്‍ ഇതു പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ പറഞ്ഞു. താന്‍ നിമിത്തം ഒരു പാര്‍ട്ടി പ്രവര്‍ത്തകനും തലകുനിക്കാന്‍ പാടില്ല. തനിക്കു പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടായിക്കൂട. കോണ്‍ഗ്രസിനുവേണ്ടി ഒട്ടേറെ പ്രതിരോധമുഖം തുറന്ന ആളാണ് താനെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.