യൂട്യൂബർ എൽവിഷ് യാദവിന്റെ വസതിക്ക് നേരെ വെടിവച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
Monday, August 25, 2025 4:20 PM IST
ഗുരുഗ്രാം: ഹരിയാനയിൽ യൂട്യൂബർ എൽവീഷ് യാദവിന് വീടിന് നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നീരജ് ഫരീദ്പുരിയ-ഹിമാൻഷു ഭൗ സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരാണ് പിടിയിലായത്.
ഗൗരവ് സിംഗ് എന്ന നിക്ക (22), ബിഹാറിലെ കൈമൂർ ജില്ലയിൽ നിന്നുള്ള ബിസിഎ വിദ്യാർഥി ആദിത്യ തിവാരി (19) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രോഹിണിയിലെ ഷഹ്ബാദ് ഡയറിയിലെ ഖേര കനാലിനു സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഡൽഹിയിൽ മറ്റൊരു ആക്രമണത്തിനായി തയാറെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് എസിപി രാഹുൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ പുരൺ പന്ത്, രവി തുഷിർ, ബ്രഹം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.
"പ്രതികളിൽ ഒരാൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കാൻ പിസ്റ്റൾ പുറത്തെടുക്കാൻ ശ്രമിച്ചു, പക്ഷേ വെടിവയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുവരെയും കീഴടക്കി'.-ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.
ഇവരിൽ നിന്ന് ഒരു പിസ്റ്റൾ, നാല് ലൈവ് കാട്രിഡ്ജുകൾ, ഒരു മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
ജയിലിൽ കഴിയുന്ന ഗുണ്ടാനേതാക്കളായ നീരജ് ഫരീദ്പുരിയയുടെയും കൂട്ടാളിയായ ഹിമാൻഷു ഭാവുവിന്റെയും നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇരുവരും നേപ്പാൾ അതിർത്തി വഴി രാജ്യം വിടാൻ ശ്രമിച്ചുവെങ്കിലും സംഘത്തലവൻമാരുടെ നിർദേശപ്രകാരം ഡൽഹിയിൽ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു.
ഓഗസ്റ്റ് 17 ന് പുലർച്ചെയാണ് മോട്ടർസൈക്കിളിലെത്തിയ മൂന്നുപേർ ഗുരുഗ്രാമിലെ സെക്ടർ 56 ലെ എൽവിഷ് യാദവിന്റെ വസതിക്ക് നേരെ വെടിവച്ചത്. സംഭവത്തിന് പിന്നാലെ ആക്രമികൾ ഓടിരക്ഷപെട്ടിരുന്നു.