അനധികൃത സ്വത്ത് സമ്പാദനം: എം.ആര്. അജിത്കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
Wednesday, August 27, 2025 11:18 AM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലനില്‍ക്കുമെന്ന വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എം.ആര് അജിത് കുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണോ എന്നതില്‍ സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്തേക്കും. ഹര്‍ജിയില്‍ വിചാരണക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് വിജിലന്‍സ് മറുപടി നല്‍കും.
ജൂനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചതിലാണ് വിജിലന്‍സ് വിശദീകരണം നല്‍കുന്നത്. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയതെന്ന കാര്യത്തിലും വിജിലന്‍സ് മറുപടി നല്‍കണം. വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കും.
അന്വേഷണം അനുമതിയില്ലാതെയെങ്കില് വിജിലന്‍സ് കോടതിയിലെ നടപടികള്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. വിജിലന്‍സ് കോടതിയുടെ നടപടിക്രമത്തില്‍ നിയമ പ്രശ്നമുണ്ടെന്നുമാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി. വി. അന്‍വര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.