കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് ജയം
Wednesday, August 27, 2025 7:29 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് തകർപ്പൻ ജയം. 33 റൺസിനാണ് കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സ് വിജയിച്ചത്.
കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ് ഉയർത്തിയ 250 റൺസ് പിന്തുടർന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന് 216 റൺസ് എടുക്കാനെ സാധിച്ചുള്ളു. 216 റൺസിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഓൾ ഔട്ടാവുകയായിരുന്നു. 53 റൺസെടുത്ത മുഹമ്മദ് ഷാനുവും 38 റൺസ് വീതമെടുത്ത കെ.ജെ. രാകേഷും മുഹമ്മദ് ആഷിക്കും 36 റൺസെടുത്ത വിനൂപ് മനോഹരനും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിന് വേണ്ടി അഖിൽ സ്കറിയ നാല് വിക്കറ്റെടുത്തു. പല്ലം മുഹമ്മദ് അൻഫലും മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീതമെടുത്തു. എം.യു. ഹരികൃഷ്ണൻ ഒരു വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ് സ്റ്റാഴ്സ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 249 റൺസ് എടുത്തത്.
നായകൻ രോഹൻ കുന്നുമ്മലിന്റെയും മരുതുംഗൽ അജിനാസിന്റെയും അഥിൽ സ്കറിയയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് കാലിക്കറ്റ് ഗ്ലോബി സ്റ്റാഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
94 റൺസെടുത്ത രോഹനാണ് ടീമിന്റെ ടോപ്സ്കോറർ. അജിനാസ് 49 റൺസും അഖിൽ 45 റൺസും എടുത്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കെ.ജി. അഖിൽ, കെ. അജീഷ്, അഫ്രാദ് നാസർ, മുഹമ്മദ് ആഷിഖ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.