തീരുവ യുദ്ധം; ചരക്കുകൾ കെട്ടിക്കിടക്കുന്നു, സഹായംതേടി കയറ്റുമതിക്കാർ
Thursday, August 28, 2025 7:06 AM IST
കൊച്ചി: അമേരിക്കയുടെ തീരുവ യുദ്ധത്തിൽ കേരളത്തിലെ സമുദ്രോത്പന്ന മേഖല കടുത്ത പ്രതിസന്ധിയിൽ. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെയാണ് കേരളതീരത്ത് പ്രതിസന്ധി ഉടലെടുത്തത്.
അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുവച്ചത്. എന്നാൽ ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു.
അധികവും ചെമ്മീനാണ് കയറ്റുമതിക്കാർ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതോടെ ശേഖരിച്ചുവച്ച ചരക്കിന്റെ മൂല്യം പകുതിയോളം കുറഞ്ഞെന്നാണ് സൂചന.
കോടിക്കണക്കിനു രൂപ ചെലവഴിച്ചു വാങ്ങിയ സമുദ്രോത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.