വ്യാജ പോലീസ് വേഷത്തിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന നാല് പേർ പിടിയിൽ
Thursday, August 28, 2025 7:18 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പോലീസ് വേഷത്തിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ പിടിയിൽ. കുന്നത്തുകാൽ സ്വദേശി ബിനോയ്, ഉദിയൻ കുളങ്ങര സ്വദേശി സാമുവേൽ തോമസ്, നെയ്യാറ്റിൻകര സ്വദേശികളായ അഭിരാം, വിഷ്ണു ഗോപൻ എന്നിവരാണ് പാറശാല പോലീസിന്റെ പിടിയിലായത്.
ഓൺലൈനിലൂടെ പരിചയപ്പെട്ട് കൃഷ്ണഗിരിയിലെ വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് എത്തിയ തമിഴ്നാട് സ്വദേശികളായ വ്യവസായികളെയാണ് ആൾതാമസം ഇല്ലാത്ത വീട്ടിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്നത്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ എത്തിയ വ്യവസായികളെ ഇന്നോവ കാർലെത്തിയ പോലീസ് വേഷം ധരിച്ച എത്തിയ നാല് പേരും ചേർന്ന് വ്യാജ അറസ്റ്റ് നടത്തിയാണ് ആൾതാമസം ഇല്ലാത്ത വീട്ടിലെത്തിച്ച് കെട്ടിയിട്ട് കവർച്ച നടത്തിയത്.
മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടു നൽകുക എന്ന് അറിയിച്ചായിരുന്നു ഇവരെ പുതിയൻകുളങ്ങരയിലെ വീട്ടിൽ പൂട്ടിയിട്ടത്. വ്യവസായികളുടെ ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണി തിരുകി മർദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുള്ളതായി പാറശാല പോലീസ് അറിയിച്ചിട്ടുണ്ട്.
ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിറങ്ങിയ ഡാൻസാഫ് സംഘമാണ് ആൾതാമസം ഇല്ലാത്ത വീട്ടിലെ അസ്വാഭാവികത ശ്രദ്ധിക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.