ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ചു; വാൻ നദിയിൽ വീണ് നാലുപേർ മരിച്ചു
Thursday, August 28, 2025 9:40 AM IST
ജയ്പുർ: ഗൂഗിൾ മാപ് നോക്കി കുടുംബം സഞ്ചരിച്ച വാൻ വഴിതെറ്റി നദിയിൽ വീണു നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. തകരാറിലായ പാലത്തിലേക്കാണ് വാൻ വഴിതെറ്റി എത്തിയത്. ഒൻപത് യാത്രക്കാരിൽ അഞ്ച് പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പോലീസ് രക്ഷിച്ചു.
‘ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന വാൻ, കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടിരിക്കുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് കയറുകയായിരുന്നു. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ പാലത്തിൽ നിന്ന് ഒലിച്ചുപോയി’– പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവർ പോലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചിൽ ആരംഭിച്ചത്.
കഴിഞ്ഞ മൂന്നു വർഷമായി പാലം അടഞ്ഞു കിടക്കുന്നതിനാൽ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് രശ്മി സ്റ്റേഷൻ ഹൗസ് ഓഫിസർ ദേവേന്ദ്ര ദേവാൽ മാധ്യമങ്ങളോട് പറഞ്ഞു.