പാലക്കാട് എംഎൽഎ സ്ഥലത്ത് ഇല്ലാത്തത് ആശ്വാസം: എ.എൻ. കൃഷ്ണദാസ്
Thursday, August 28, 2025 12:41 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്.
പാലക്കാട് എംഎൽഎ സ്ഥലത്തില്ലാത്തത് ആശ്വാസമാണെന്നും,അങ്ങനെയുള്ള വേതാളം ഇവിടെ വേണ്ട എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പൊതുവേദിയിൽ വരാൻ അർഹനല്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു.
ലൈംഗീക പീഡന ആരോപണം നേരിട്ടതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടണമെന്നും എൻ.എൻ. കൃഷ്ണദാസ് വ്യക്തമാക്കി.
രാഹുലിനെ ജനങ്ങൾക്ക് മേൽ കെട്ടിവെച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ പൊതുവേദിയിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പാലക്കാട് എത്തിച്ചത് ഷാഫി പറമ്പിലാണെന്നും, ഷാഫിയെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.