പ്രസാദത്തെ ചൊല്ലി തർക്കം; ക്ഷേത്ര സേവകനെ തല്ലിക്കൊന്നു
Saturday, August 30, 2025 10:44 AM IST
ന്യൂഡൽഹി: ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സേവകനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലാണ് സംഭവം.
35കാരനായ യോഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഹർദോയി നിവാസിയായ യോഗേന്ദ്ര സിംഗ്, 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഈ മാസം 29ന് വൈകുന്നേരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രതികൾ പ്രസാദത്തിനായി യോഗേന്ദ്ര സിംഗിനെ സമീപിച്ചു. തുടർന്ന് പ്രസാദത്തെ ചൊല്ലി പ്രതികളും യോഗേന്ദ്ര സിംഗും തമ്മിൽ വാക്കേറ്റമുണ്ടായി.
തൊട്ടടുത്ത നിമിഷം അക്രമാസക്തമായ സംഘം യോഗേന്ദ്ര സിംഗിനെ വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരാൾ പിടിയിലായെന്നും മറ്റുള്ളവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.