യുക്രെയിന് ജൂലൈയിൽ ഏറ്റവും കൂടുതൽ ഡീസൽ നൽകിയത് ഇന്ത്യ
Sunday, August 31, 2025 2:11 AM IST
ന്യൂഡൽഹി: യുക്രെയിനിലേക്ക് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ ഡീസൽ വിതരണം ചെയ്തത് ഇന്ത്യ. ആകെ ഡീസൽ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. കീവ് ആസ്ഥാനമായുള്ള ഓയിൽ മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടൺ ഡീസൽ യുക്രെയിനിലേക്ക് കയറ്റുമതി ചെയ്തു.
ജൂലൈയിൽ മാത്രം ഇന്ത്യ 83,000 ടൺ ഡീസൽ യുക്രെയിന് നൽകി. 2024 ജൂലൈയിൽ ഇന്ത്യയുടെ വിഹിതം വെറും 1.9 ശതമാനം മാത്രമായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുചാട്ടം. 2025 ഏപ്രിലിൽ യുക്രെയിനിന്റെ ഡീസൽ ഇറക്കുമതിയുടെ 15.9 ശതമാനം ഇന്ത്യ നൽകിയിരുന്നു.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് സാമ്പത്തിക സഹായമാവുന്നുവെന്ന് യുഎസ് ആരോപിക്കുകയും ചെയ്തു. എന്നാൽ റഷ്യൻ എണ്ണ സംസ്കരിക്കുന്ന അതേ ഇന്ത്യൻ റിഫൈനറികൾ തന്നെയാണ് ഇപ്പോൾ യുക്രെയ്ന്റെ യുദ്ധകാല സമ്പദ് വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ ഇന്ധനം നൽകുന്നത്.
ഈ വർഷത്തെ ഏഴു മാസത്തെ കണക്കനുസരിച്ച് യുക്രെയ്ന്റെ ഡീസൽ ഇറക്കുമതിയുടെ 10.2 ശതമാനം ഇന്ത്യയാണ് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 1.9 ശതമാനം മാത്രമായിരുന്നു. അഞ്ചിരട്ടി വർധന ആനുപാതികമായി പല യൂറോപ്യൻ കയറ്റുമതിക്കാരെയും മറികടക്കാൻ ഇന്ത്യയെ സഹായിച്ചു. എന്നാൽ, ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങളെക്കാൾ കുറഞ്ഞ അളവിലാണ് ഇന്ത്യയുടെ കയറ്റുമതി. എങ്കിലും ജൂലൈയിലെ കണക്കുകൾ പ്രകാരം ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.