കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
Sunday, August 31, 2025 5:07 PM IST
കൽപ്പറ്റ : കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് താമരശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തെ തുടർന്ന് അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്.
നേരത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ചുരത്തിൽ മഴ കുറഞ്ഞതോടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഞായറാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.