ആവേശപ്പോരില്‍ ആലപ്പിയെ വീഴ്ത്തി; സെമി ഉറപ്പിച്ച് തൃശൂര്‍
Monday, September 1, 2025 7:16 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടോപ് സ്കോററായ ഷോണ്‍ റോജറുടെ (49) ബാറ്റിംഗ് മികവില്‍ ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് തൃശൂര്‍ സെമി ഉറപ്പിച്ചു.
സ്കോര്‍: ആലപ്പി 128/9, തൃശൂര്‍ 134/6 (19.2). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തൃശൂര്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു.
ടി.കെ.അക്ഷയുടെ (49) ഇന്നിംഗ്സാണ് ആലപ്പിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അഭിഷേക് പി.നായര്‍ (22), എം.പി.ശ്രീരൂപ് (24), കെ.എ.അരുണ്‍ (13) എന്നിവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.
നാലോവറില്‍ 16 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന് ഗിരീഷും തൃശൂരിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജയത്തോടെ എട്ട് മത്സരങ്ങളില്‍ 10 പോയന്റിമായി തൃശൂര്‍ രണ്ടാം സ്ഥാനത്തെത്തി സെമി ഉറപ്പിച്ചു.